എറണാകുളത്ത് ഹോസ്റ്റലിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ച സംഭവം; വിദ്യാർത്ഥിനി കോറിഡോറിനും ചുമരിനും ഇടയിലൂടെ അബദ്ധത്തിൽ വീണതെന്ന് നിഗമനം; ജിപ്സം ബോർഡ് തകർത്താണ് പെൺകുട്ടി താഴേക്ക് വീണത്; മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്; കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി

കൊച്ചി: എറണാകുളം പറവൂർ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. കോരിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്.

രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്.
പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ വരാന്തയിലെ കൈവരിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.

അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴു നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്.

മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഫാത്തിമത്തും കൂട്ടുകാരികളും സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നി താഴെ വീണതാകാമെന്നാണ് നിഗമനം. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്.