എബോള വൈറസ് വ്യാപനത്തില്‍ ആശങ്ക; യാത്രാ നിര്‍ദേശം പുറപ്പെടുവിച്ച്‌ എമിറേറ്റ്‌സ് എയര്‍ലൈൻ

ദുബായ്: എബോള വൈറസ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തില്‍ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദേശം പുറപ്പെടുവിച്ച്‌ എമിറേറ്റ്‌സ് എയർലൈൻ.

വൈറസ് വ്യാപനത്തെത്തുടർന്ന് നിരവധി രാജ്യങ്ങള്‍ പ്രവേശന നിയന്ത്രണങ്ങളും സ്‌ക്രീനിംഗ് നടപടികളും ഏർപ്പെടുത്തിയതിയതിന് പിന്നാലെയാണിത്. യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക സർക്കാർ സ്രോതസുകള്‍ പരിശോധിക്കണമെന്നും നിർദേശമുണ്ട്. കോണ്‍ടാക്റ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് നിരീക്ഷിക്കുകയും വേണമെന്നും അധികൃതർ നിർദേശിക്കുന്നു.

 

യാത്രയെ ബാധിച്ചാല്‍ ദുബായ്ക്ക് പുറത്തുള്ള കണക്റ്റിംഗ് യാത്രകള്‍ ഉള്‍പ്പെടെ ലഭ്യമായ അടുത്ത വിമാനത്തില്‍ റീബുക്കിംഗ് നടത്താനും എമിറേറ്റ്സ് സഹായിക്കും. ഏപ്രില്‍ രണ്ട് മുതല്‍ വിമാനങ്ങള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് സാധുതയ്ക്കും ബാധകമായ നിരക്ക് വ്യത്യാസങ്ങള്‍ക്കും വിധേയമായി സൗജന്യ തീയതി മാറ്റത്തിനും അർഹതയുണ്ടായിരിക്കും.

 

എബോള വ്യാപനത്തെത്തുടർന്ന് ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിദേശ യാത്രക്കാർക്ക് പ്രവേശനം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതായി മേയ് 19 ന് ബഹ്‌റൈൻ പ്രഖ്യാപിച്ചിരുന്നു. യാത്രാ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ ആദ്യത്തെ ജിസിസി രാജ്യവും ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നുമാണ് ബഹ്‌റൈൻ. ജോർദാനും സമാന പ്രഖ്യാപനം നടത്തിയിരുന്നു. എബോള വ്യാപനം നേരിടാൻ സജ്ജരാണെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്.