കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന..! കേരളത്തില്‍ ഇടത്കോട്ടകള്‍ ഇളക്കി മുന്നേറി യുഡിഎഫ്; പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം; തമിഴ്‌നാട്ടില്‍ ടിവികെ മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന സൂചനയാണ് ലഭിക്കുന്നത്.

കേരളത്തില്‍ ഇടത്കോട്ടകള്‍ ഇളക്കി യുഡിഎഫ് മുന്നേറുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്‍ഡിഎഫ് മന്ത്രിമാർ ലീ‌ഡ് നിലയില്‍ പിന്നിലാണ്.

യുഡിഎഫിന്റെ ലീ‌ഡ് 100 കടന്നു. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമ്പോള്‍ തമിഴ്‌നാട്ടില്‍ ടിവികെ മുന്നേറ്റം നടത്തുകയാണ്.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വലിയ ലീഡ് ഉയർത്തുകയാണ്. ആദ്യഘട്ട ഫലസൂചനകള്‍ പ്രകാരം ബിജെപി 157 സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 95 സീറ്റിലുമാണ് മുന്നേറുന്നത്.

മറ്റ് കക്ഷികളെ അപ്രസക്തരാക്കി ബംഗാളില്‍ ബിജെപി തൃണമൂല്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർത്ഥി.

തമിഴ്നാട്ടില്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്‌ കന്നി അങ്കത്തില്‍ ടിവികെയാണ് മുന്നില്‍ തുടരുന്നത്. ഡിഎംകെ തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. 100 സീറ്റാണ് ടിവികെയുടെ ലീഡ്. തൊട്ടുപിന്നില്‍ എഐഎഡിഎംകെയ്ക് 78 സീറ്രിന്റെ ലീഡാണുള്ളത്. ഭരണകക്ഷിയായ ഡിഎംകെ 53 സീറ്റിന്റെ ലീഡുമായി പുറകിലാണ്.