സീല്‍ വിവാദം; ഡെപ്യൂട്ടി സിഇഒ,സെക്ഷൻ ഓഫീസര്‍ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിന്നും നീക്കി

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച കത്തില്‍ ബിജെപി സീല്‍ പതിഞ്ഞ സംഭവത്തില്‍ കൂടുതല്‍ നടപടി.

 

ഡെപ്യൂട്ടി സിഇഒ ,സെക്ഷൻ ഓഫീസർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിന്നും നീക്കി. അഡീഷണല്‍ സിഇഒ പി ബി നൂഹിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സെക്ഷൻ ഓഫീസറെ സസ്പെന്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിന്ന് നീക്കിയ ഇവരെ മാതൃഓഫീസുകളിലേക്ക് തിരികെ വിടാനാണ് ഉത്തരവ്.

 

 

 

സീല്‍ വിവാദത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു കേല്‍ക്കർ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. ക്ലറിക്കല്‍ പിഴവാണെന്നായിരുന്നു വിശദീകരണം. സ്ഥാനാർഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച്‌ 2019-ല്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്താണ് മാറി മെയിലിനൊപ്പം നല്‍കിയതെന്നും വിശദീകരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വ്യക്തമാക്കിയിരുന്നു.

 

 

 

2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികള്‍ക്ക് അയച്ചത്. ഈ കത്തില്‍ ആയിരുന്നു ബിജെപിയുടെ സീല്‍ പതിപ്പിച്ചിരുന്നത്. സിപിഐഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികള്‍ക്കും ഇതേ പിഴവോടെയുള്ള കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയില്‍ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നാണെന്നുമായിരുന്നു സിപിഐഎം ആരോപണം.