കോട്ടയം: നമ്മളില്‍ പലരും പ്രതിദിനം ഒരു മുട്ടയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിന്ന് പലഹാരങ്ങളിലേക്കും വരെ മുട്ട ഒരു പ്രധാന ഘടകമാണ്.
അതുകൊണ്ടുതന്നെ മുട്ടകള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍, മുട്ടകള്‍ എങ്ങനെ സൂക്ഷിക്കണം എന്നതില്‍ പലര്‍ക്കും വ്യക്തതയില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതാണോ? അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള രാജ്യങ്ങളില്‍ വ്യാപാര ആവശ്യത്തിന് വില്‍ക്കുന്ന മുട്ടകള്‍ കടകളിലെത്തുന്നതിന് മുമ്ബ് കഴുകിയും അണുവിമുക്തമാക്കിയും വില്‍പ്പനയ്ക്കായി ഒരുക്കാറുണ്ട്. ഇതിലൂടെ മുട്ടത്തോടിലെ സ്വാഭാവിക സംരക്ഷണ പാളിയായ “ക്യൂട്ടിക്കിള്‍” നഷ്ടപ്പെടുന്നു. ഈ സംരക്ഷണ പാളി ഇല്ലാത്ത മുട്ടകള്‍ ഫ്രിഡ്ജില്‍ വയ്ക്കാതെ വെച്ചാല്‍ ബാക്ടീരിയ അകത്ത് കടന്നുചെന്ന് വളരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറും (USDA) ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) 40 ഡിഗ്രി ഫാരന്‍ഹീറ്റ് (ഏകദേശം 4 ഡിഗ്രി സെല്‍ഷ്യസ്) അല്ലെങ്കില്‍ അതിലും താഴെ താപനിലയില്‍ മുട്ടകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നു.
റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, തണുത്ത താപനിലയില്‍ സൂക്ഷിച്ച മുട്ടകള്‍ മുറിയിലെ താപനിലയില്‍ വെച്ചതിനെക്കാള്‍ ദീർഘകാലം പുതുമ നിലനിർത്തുന്നുവെന്ന് കണ്ടെത്തി. അതുപോലെ, നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നത്, ഉയർന്ന താപനിലയില്‍ മുട്ടകള്‍ സൂക്ഷിക്കുമ്പോള്‍ സാല്‍മൊണെല്ല എന്ററിക്ക പോലുള്ള ബാക്ടീരിയകള്‍ മുട്ടത്തോടിലൂടെ അകത്തേക്ക് കടന്ന് പെരുകാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നാണ്.
അതേസമയം, പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും മുട്ടകള്‍ കഴുകാതെ, പുറംതോടിന്റെ സ്വാഭാവിക സംരക്ഷണം നിലനിര്‍ത്തിയാവും വില്‍ക്കാറുള്ളത്. അത്തരത്തില്‍ കോഴികള്‍ക്ക് സാല്‍മൊണെല്ലയ്ക്കെതിരെ വാക്‌സിനേഷന്‍ നല്‍കുന്നതുമുണ്ട്. ഇതിലൂടെ മുട്ടകള്‍ മുറിയിലെ താപനിലയില്‍ തന്നെ സുരക്ഷിതമായി സൂക്ഷിക്കാനാകും.
എന്നിരുന്നാലും, മുട്ടകള്‍ കൂടുതല്‍ സമയത്തേക്ക് പുതുമയോടെ സൂക്ഷിക്കാനും ബാക്ടീരിയാ ബാധയുടെ അപകടസാധ്യത കുറയ്ക്കാനും ഫ്രിഡ്ജ് ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം പ്രത്യേകിച്ച്, മുട്ടയുടെ സ്വാഭാവിക പുറം തോടിന്റെ സംരക്ഷണം ഇല്ലാതാക്കിയ സാഹചര്യങ്ങളില്‍.
