പോലീസ് വേഷത്തിൽ വീണ്ടും ഷെയ്ന്‍ നിഗം; ‘ദൃഢം’ നാളെ മുതൽ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും

ഷെയ്ന്‍ നിഗം പോലീസ് വേഷത്തിൽ എത്തുന്ന ‘ദൃഢം’ നാളെ തിയേറ്ററുകളില്‍. എസ്ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. കുഴിനിലം എന്നൊരു നാട്ടിന്‍പുറത്തെ പോലീസ് സ്റ്റേഷനില്‍ എസ്ഐ വിജയ് രാധാകൃഷ്ണന്‍ എന്ന പുതിയ എസ്ഐ ചാര്‍ജ്ജെടുക്കുന്നതും താന്‍ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം.

പവര്‍ഫുള്‍ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകന്‍ ചില തെറ്റുകള്‍ വരുത്തുന്നതും അതിലൂടെ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതും ഉത്തരവാദിത്തങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും ഒരാളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം എന്നാണ് ലഭിക്കുന്ന സൂചനകള്‍. തികച്ചും റിയലിസ്റ്റിക്കായ രീതിയില്‍ ഒരു വ്യക്തിയുടെ യാത്രയെ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.