പാലാ: തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാന്‍ നഗരസഭാധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായി. ചാലാ ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
കൂട്ടമായി വിഹരിക്കുന്ന നായ്ക്കള്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കുമെല്ലാം ഭീഷണിയാണ്. സ്‌കൂള്‍ കുട്ടികള്‍ ഭയത്തോടെയാണ് നടക്കുന്നത്.
പന്ത്രണ്ടു വര്‍ഷം മുന്‍പ് ഗവണ്‍മെന്‍റ് മൃഗാശുപത്രി പരിസരത്ത് അന്പതിലേറെ തെരുവുനായ്ക്കളെ പിടികൂടി കൂട്ടില്‍ അടച്ചിരുന്നതിനാല്‍ നായ്ക്കളെ പേടിക്കാതെ നഗരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. ഇതിനായി കൂടുകളും മറ്റു സൗകര്യങ്ങളും നഗരസഭയ്ക്കുണ്ടായിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം ഈ പദ്ധതി ഏറെ മുന്പോട്ടു പോയില്ല.
ഇതോടെ നഗരത്തില്‍ നായ്ക്കള്‍ പെരുകി. നഗരസഭ നിര്‍മിച്ച കൂടുകളില്‍ ഏറെയും തുരുമ്ബെടുത്ത് നശിച്ചിരിക്കുകയാണ്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ഈ കൂടുകളിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പൗരസമിതിയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടികളില്ല
പാലാ ടൗണ്‍, മുരിക്കുംപുഴ, ചെത്തിമറ്റം, കടപ്പാട്ടൂര്‍, റിവര്‍വ്യൂ റോഡ്, ടൗണ്‍ ഹാള്‍, സിവില്‍ സ്റ്റഷന്‍ പരിസരങ്ങള്‍, സെന്‍റ് മേരീസ് സ്‌കൂളിനും ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിനും സമീപം എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കള്‍ കൂട്ടമായി അലഞ്ഞുതിരിയുകയാണ്.
വിവിധ ഭാഗങ്ങളില്‍ കൂടിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തേടി തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുകയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൗരസമിതി ഭാരവാഹികളായ പി. പോത്തന്‍, സേബി വെള്ളരിങ്ങാട്ട്, ബേബി കീപ്പുറം എന്നിവര്‍ ആവശ്യപ്പെട്ടു.
