ദിലീപിന് സന്നിധാനത്ത് വിഐപി താമസവും; താമസം ഒരുക്കിയത് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉള്ള ദേവസ്വം കോംപ്ലക്‌സില്‍; വിവാദം കൊഴുക്കുന്നു

പത്തനംതിട്ട : നടൻ ദിലീപ് ശബരിമലയില്‍ വിഐപി ദർശനം നടത്തിയതിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ ദിലീപിന്റെ സന്നിധാനത്തെ താമസവും വിവാദത്തില്‍.

ദർശനത്തില്‍ മാത്രമല്ല താമസത്തിലും ദിലീപിന് വിഐപി പരിഗണനയാണ് സന്നിധാനത്ത് ലഭിച്ചത്. കഠിനവ്രതം എടുത്ത് മല ചവിട്ടി വരുന്ന സാധാരണ അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ പോലും ഇടം കിട്ടാത്തപ്പോള്‍ ദിലീപിന് ദേവസ്വം കോംപ്ലക്സില്‍ വിഐപി താമസമാണ് ഒരുക്കി നല്‍കിയിരുന്നത്.

മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സന്നിധാനത്തെ ദേവസ്വം കോംപ്ലക്‌സില്‍ ആണ് നടന് താമസം ഒരുക്കിയത്. ദിലീപിന്റെ ദർശനത്തിലും താമസത്തിലും ഉള്ള ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും എന്നാണ് ദേവസ്വം ബോര്‍ഡ് അറിയിക്കുന്നത്.