കൊല്ലത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയിൽ പെട്ട പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിന്‍റെയും പ്രിയങ്കയുടെയും മകൻ 15കാരനായ അമൽജിത്ത് ആണ് മരിച്ചത്. ഇക്കഴിഞ്ഞ 20ആം തീയതിയായിരുന്നു ദാരുണമായ സംഭവം.
20തീയതി വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലിൽ കുളിക്കാൻ എത്തിയതായിരുന്നു അമൽജിത്തും സഹോദരൻ സൂര്യജിത്തും മറ്റ് മൂന്നു പേരും. കുളിക്കുന്നതിനിടെ സൂര്യജിത്ത് ചുഴിയിൽ പെടുകയായിരുന്നു. പിന്നാലെ സൂര്യജിത്തിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അമൽജിത്തിനെ കാണാതായത്.
കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ കട്ടമരം തൊഴിലാളികൾ സൂര്യജിത്തിനെ രക്ഷപ്പെടുത്തി. പക്ഷെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ അമൽജിത്തിനെ കാണാതായി. രണ്ടു ദിവസമായി തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പുത്തൻതുറ ഭാഗത്ത് കോവിൽത്തോട്ടം ലൈറ്റ് ഹൗസിനു സമീപം മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
