മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറിന്റെ നിയമനം; ആയുധമാക്കി സിപിഐഎമ്മും ബിജെപിയും

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ചുമതലയേറ്റു. നിലവിൽ വിഷയം ആയുധമാക്കുകയാണ് സിപിഐഎമ്മും ബിജെപിയും. നിയമനത്തിൽ കോൺഗ്രസിനകത്ത് പ്രശ്നമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. രാഹുൽ ഗാന്ധിക്കോ കെസി വേണുഗോപാലിനോ വിഷയത്തിൽ മറുപടിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.

അതേസമയം ബംഗാളിലെ ചീഫ് സെക്രട്ടറി നിയമനത്തിൽ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ കേരളത്തിലെ നിയമനം ആയുധമാക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ബിജെപിയെ വിമർശിച്ച രാഹുൽ ഗാന്ധി, കേരളത്തിൽ മൗനം പാലിക്കുന്നെന്ന് അമിത് മാളവ്യ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറെ നിയമിച്ചതിൽ നീരസം പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രം​ഗത്തെത്തിയിരുന്നു. അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല. ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നും കെസി വേണുഗോപാൽ പറഞ്ഞു.