സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ജോലി ചെയ്യാം; 44,650 രൂപവരെ ശമ്പളം; 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ ജോലി നേടാൻ അവസരം. സഹകരണ സർവീസ് പരീക്ഷാ ബോർഡില്‍ ജൂനിയർ ക്ളാർക്ക്/ കാഷ്യർ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിഭാഗങ്ങളിലായി 200 ഒഴിവുകളാണുള്ളത്.

18 മുതല്‍ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 17360 – 44650വരെയാണ് ശമ്പളം. ഉയർന്ന പ്രായപരിധിയില്‍ പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും മൂന്ന് വർഷത്തെയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകള്‍ക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. അർഹരായ ഉദ്യോഗാർത്ഥികള്‍ www.csebkerala.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്‌ അപേക്ഷ നല്‍കാം. ഏപ്രില്‍ 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ജൂനിയർ ക്ളാർക്ക്/ കാഷ്യർ

എസ്‌എസ്‌എല്‍സിയാണ് അടിസ്ഥാന യോഗ്യത. സബോർഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ളോമ ഇൻ കോ-ഓപ്പറേഷൻ) പാസായിരിക്കണം. കാസർകോട് ജില്ലയിലെ ഉദ്യോഗാർത്ഥികള്‍ കർണാടക സംസ്ഥാന ഫെഡറേഷൻ നടത്തുന്ന ഡിപ്ളോമ കോഴ്‌സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ളോമ ഇൻ കോ- ഓപ്പറേഷൻ (ജെഡിസി) എന്നിവ പാസായിരിക്കണം.

സഹകരണം ഐച്ഛികവിഷയമായി എടുത്ത ബികോം ബിരുദധാരികള്‍, അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദവും സഹകരണ ഹയർ ഡിപ്ളോമയും ഉള്ളവർ, കേരള കാർഷിക സർവകലാശാലയുടെ സഹകരണം ബാങ്കിംഗ് ബിഎസ്‌സി എന്നീ യോഗ്യതകള്‍ ഉള്ളവർക്കും അപേക്ഷിക്കാം.

സെക്രട്ടറി

എച്ച്‌ഡിസി ആന്റ് ബിഎമ്മില്‍ ബിരുദവും അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും, കാർഷിക സർവകലാശാലയില്‍ നിന്ന് കോ- ഓപ്പറേഷൻ ആന്റ് ബാങ്കിംഗില്‍ ബിഎസ്‌സിയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും, സഹകരണത്തില്‍ ബികോം ബിരുദവും അക്കൗണ്ടന്റ് ആയി ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും തുടങ്ങിയവയാണ് യോഗ്യത.

അസിസ്റ്റന്റ് സെക്രട്ടറി

എല്ലാ വിഷയങ്ങള്‍ക്കും 50 ശതമാനം മാർക്കില്‍ കുറയാതെ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ളോമയും, എച്ച്‌ഡി ആന്റ് സിബിഎ അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗില്‍ എച്ച്‌ഡിസി.

സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ

ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം, ഡേറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്, അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റ എൻട്രി തസ്‌തികയില്‍ ഒരുവർഷത്തെ പ്രവൃത്തിപരിചയം.