പാലാ നഗരസഭയിൽ പാ‍‍ർട്ടി വിപ്പ് ലംഘിച്ചതിൽ നടപടി; നാല് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്

കോട്ടയം : പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺ​ഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസി‍ഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺ​ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ ​രാ​ഹുലും നാല് കോൺ​ഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർ‌പേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്.

ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി.

എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകൾ അവർ മനസ്സിലാക്കും. പാർട്ടിക്കെതിരായ നടപടികൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിൻ്റെ പ്രതികരണം.