ഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും.
നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം.
നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. മറ്റ് തടസങ്ങളില്ലെങ്കില്‍ കെ സി വേണുഗോപാലിൻ്റെ ലാൻഡിംഗും പരിഗണനയിലെന്ന് സൂചന.
തരംഗമെങ്കില്‍ 100 സീറ്റ് വരെ കിട്ടി അധികാരത്തില്‍ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളില്‍ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രവർത്തകരോട് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാർക്ക് ഇത്തവണ പ്രത്യേക ട്രെയിനിംഗും പൂർത്തിയാക്കി.
പ്രതിപക്ഷ വി ഡി സതീശൻ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക. ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും.
വോട്ടെണ്ണല്‍ തലേന്ന് പറവൂരില്‍ പൊതുപരിപാടികളിലാണ് വി ഡി സതീശൻ. രാവിലെ ഒരു പള്ളിയില്‍ പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങിനെത്തി. മാധ്യമങ്ങള്‍ പല കുറി ചോദിച്ചിട്ടും എല്ലാം നാളെ പറയാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സി വേണുഗോപാല്‍ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തല ഹരിപ്പാടും ഫലമറിയും.
