ചിങ്ങവനം: കേസുകളിൽപ്പെട്ടു പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഡംപിങ് യാർഡായി പോലീസ് സ്റ്റേഷൻ പരിസരം. പല കേസുകളിലായി പിടിച്ചെടുത്ത ഒട്ടേറെ വാഹനങ്ങളാണ് എംസി റോഡിൽ പോലീസ് സ്റ്റേഷന്റെ എതിർവശത്ത് റോഡരികിൽ കിടക്കുന്നത്.
കെഎസ്ടിപിഎ റോഡിൽ ബസ്ബേയ്ക്കായി ഒരുക്കിയ സ്ഥലത്താണ് കസ്റ്റഡി വാഹനങ്ങൾ തുരുമ്പെടുത്തുനശിക്കുന്നത്. ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. രാത്രി അപകടത്തിനും കാരണമാകുന്നതായി പരാതിയുണ്ട്.
പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ സ്റ്റേഷൻ വളപ്പുകളിൽ ദീർഘനാൾ സൂക്ഷിക്കേണ്ടതില്ലെന്നു സർക്കാർ നിർദേശമുണ്ട്. പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ല.
വാഹനം പിടിച്ചെടുത്താൽ അതിന്റെ ഫോട്ടോയെടുത്തശേഷം മൂല്യം നിർണയിച്ച് രണ്ടാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കണമെന്നും നിയമമുണ്ട്. വിചാരണയ്ക്ക് വാഹനത്തിന്റെ ഫോട്ടോ ഹാജരാക്കിയാൽ മതി. 6 മാസത്തിനകം വാഹനങ്ങൾ ലേലം ചെയ്യാം.
സ്റ്റേഷന്റെ സ്ഥലപരിമിതി മൂലമാണ് കേസിലുൾപ്പെട്ട വാഹനങ്ങൾ റോഡിൽ കിടക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ പറഞ്ഞു.
പുതിയ കെട്ടിടത്തിനു പുത്തൻപാലത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഉടൻ ഈ സ്ഥലം ഏറ്റെടുക്കണമെന്നു പ്രവീൺ ആവശ്യപ്പെട്ടു.
