കോവിഡിനേക്കാള്‍ മാരകശേഷിയുള്ള മൂന്നിനം വൈറസുകള്‍ ചൈനയില്‍ പടരുന്നു; അതീവജാഗ്രതയോടെ കേരളം; ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം; കേരളത്തെ തുറിച്ചുനോക്കി വീണ്ടും മഹാമാരി..!

തിരുവനന്തപുരം: പടര്‍ന്നു പിടിച്ചേക്കാവുന്ന വൈറസുകള്‍ ചൈനയില്‍ പടരുന്നതായുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവജാഗ്രത.

വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനുമുണ്ടാക്കുന്ന വൈറസുകളാണ് പടര്‍ന്നു പിടിക്കുന്നത്.
സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചൈനയില്‍ എച്ച്‌.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യുമോവൈറസ്), കൊവിഡ് 19, ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ട്.

എച്ച്‌.എം.പി.വി കേസുകള്‍ കുത്തനെ ഉയരുന്നതായും ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. നിരവധി പേര്‍ മരിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍, ചൈനീസ് ഭരണകൂടമോ ലോകാരോഗ്യ സംഘടനയോ പ്രതികരിച്ചിട്ടില്ല. ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പ്രചരിക്കുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ വ്യാപനം ചൈന ആദ്യം മറച്ചുവച്ചത് മുന്‍നിര്‍ത്തി സംഭവ വികാസങ്ങളെ ആരോഗ്യവിദഗ്ദ്ധര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ലെന്ന് മന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു.

എങ്കിലും മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെട ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലര്‍ത്തണം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണം.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (ഒങജഢ), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്‌ലുവന്‍സ എ വൈറസ്ബാധകള്‍ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും കരുതല്‍ ആവശ്യമാണ്.