ചേന്ദമംഗലം കൂട്ടക്കൊല: 3 പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്; വീട്ടില്‍ കയറി വെട്ടിയ ഋതുവിനെ കൂടുതല്‍ ചോദ്യം ചെയ്യും

കൊച്ചി : എറണാകുളം ചേന്ദമംഗലത്തെ കൂട്ട കൊലപാതകത്തില്‍ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്.

ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നടക്കുക. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകള്‍ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. നേരത്തെ മാനസിക ആരോഗ്യപ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രതിയുടെ കുടുംബാംഗങ്ങളെ അപഹസിച്ചതിലുള്ള വിരോധമാണ് പ്രകോപനമായതെന്നാണ് സൂചന.