സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ ചാരിറ്റി വീഡിയോകളിൽ കൃത്രിമം കാട്ടി പണം തട്ടുന്നത് തുടർക്കഥയാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ അടിയന്തര ചികിത്സ സഹായം ആവശ്യമുള്ളവരുടെ വീഡിയോകളിൽ വൻതരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് നടക്കുന്നു. യഥാർത്ഥ രോഗിക്ക് ലഭിക്കേണ്ട ചികിത്സാ സഹായത്തിലാണ് ഇത്തരം കൊള്ളത്തരങ്ങൾ കൂടിവരുന്നത് .
സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോകൾക്ക് കൂടെ നൽകുന്ന അക്കൗണ്ട് നമ്പറുകളും ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പിലൂടെ യഥാർത്ഥ ചികിത്സാ സഹായം ലഭിക്കേണ്ടവരെ ചതിക്കുന്നു.
തലശ്ശേരി സ്വദേശിയായ അമർഷാൻ ചാരിറ്റി പ്രവർത്തകനാണ്. ഇദ്ദേഹത്തിന്റെ ട്രസ്റ്റ് ആയ അമർഷാൻ ഫൗണ്ടേഷനിലേക്ക് സഹായമാച്ചിച്ചുള്ള നിരവധി വീഡിയോകൾ അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. വീഡിയോക്കൊപ്പം അക്കൗണ്ട് നമ്പറും അദ്ദേഹം ചേർക്കും . പുറത്തിറക്കിയ പല ചാരിറ്റി വീഡിയോകളും തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നതിനു വേണ്ടി ഉപയോഗിച്ചു. വീഡിയോയിലെ അക്കൗണ്ട് നമ്പറും ക്യു ആർ കോഡും എഡിറ്റ് ചെയ്തതിനു ശേഷം അവർ പോസ്റ്റ് ചെയ്യും .
പിന്നീട് ഈ വീഡിയോ കാണുന്നവർ ഈ വ്യാജ അക്കൗണ്ടിലോട്ട് ചികിത്സാ സഹായം നൽകുന്നു.ഭാഷ പോലും മാറ്റാതെ വരുന്ന വീഡിയോ തട്ടിപ്പ് ആണെന്ന് അറിയാതെ പല ആളുകളും വഞ്ചിക്കപ്പെടുന്നു.
ഇത്തരം തട്ടിപ്പിലൂടെ ആറ് ലക്ഷം രൂപയിൽ അധികം തട്ടിപ്പുകാർ കൈക്കലാക്കി എന്ന് അമർഷാൻ പറഞ്ഞു.
