ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ രോഗകൾ ദുരിതത്തിൽ.
ശസ്ത്രക്രിയാ ബ്ലോക്ക്, വാർഡുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ‘അമ്മയും കുഞ്ഞും’ ബ്ലോക്കിനു മുമ്പിലാണ് രോഗികളെയും ജീവനക്കരെയും ദുരിതത്തിലാത്തി വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്.
നൂറുകണക്കിനു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബ്ലോക്കിലേക്ക് പ്രവേശിക്കണമെങ്കിൽ ചെളിവെള്ളത്തിലൂടെ നടന്നു പോകേണ്ട അവസ്ഥയാണ്. സർക്കസുകാരന്റെ മെയ്‌വഴക്കം ഉണ്ടെങ്കിൽ മാത്രമെ വീൽചെയറിലും സ്ട്രെച്ചറിലും രോഗിയുമായി വരുന്നവർക്ക് ബ്ലോക്കിലേക്കെത്താൻ സാധിക്കൂ.
ബാലൻസ് തെറ്റിയാൽ രോഗിയും സ്ട്രെച്ചറും ചെളിവെള്ളത്തിൽ വീഴുമെന്ന കാര്യം ഉറപ്പാണ്. വീൽചെയറും സ്ട്രെച്ചറുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ റാംപ് സൗകര്യമുണ്ടെങ്കിലും വെള്ളക്കെട്ട് കാരണം ഉപയോഗിക്കാൻ കഴിയുന്നില്ല.
ശക്തമായ മഴയിൽ ബ്ലോക്കിന്റെ മുൻഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങും. സന്നദ്ധ സംഘടന ആശുപത്രിയിൽ നടത്തുന്ന സൗജന്യ ഭക്ഷണവിതരണം പോലും പലപ്പോഴും വെള്ളക്കെട്ടിൽ നിന്നു നടത്തേണ്ട അവസ്ഥയിലാണ്.
