കൊച്ചി: നഗരത്തില്‍ കേബിള്‍ കുരുങ്ങി വീണ്ടും അപകടം.
എറണാകുളം കറുകപ്പള്ളിയില്‍ സൈക്കിളിന്റെ ഹാൻഡിലില്‍ കേബിള്‍ കുരുങ്ങി വിദ്യാർത്ഥിക്ക് പരിക്കേറ്റു. കറുകപ്പള്ളി സ്വദേശി അബുള്‍ ഹസനാണ് പരിക്കേറ്റത്. അപകടത്തില്‍ വിദ്യാർത്ഥിയുടെ വിരല്‍ അറ്റുപോയി.
വിരല്‍ പിന്നീട് ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.
കഴിഞ്ഞദിവസം കൊല്ലത്തും സമാനമായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അമിത വേഗത്തില്‍ പാഞ്ഞ ലോറി തട്ടി പൊട്ടിയ കെ-ഫോണ്‍ കേബിളില്‍ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്കാണ് ഗുരുതര പരിക്കേറ്റത്.
തഴവ തെക്കുംമുറി കിഴക്ക് ഉത്രാടത്തില്‍ തുളസീധരന്റെ ഭാര്യ സന്ധ്യയാണ് (43) ഇരയായത്.
പുതിയകാവില്‍ നിന്ന് ചക്കുവള്ളി ഭാഗത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയില്‍ കുടുങ്ങിയ കേബിള്‍ യുവതിയുടെ ശരീരത്തിലും സ്കൂട്ടറിലും ചുറ്റുകയായിരുന്നു.
ഇരുപത്തിയഞ്ച് മീറ്ററോളം വലിച്ചിഴച്ചു. അഞ്ച് മീറ്ററോളം ഉയർന്ന സ്കൂട്ടർ യുവതിയുടെ ദേഹത്തേയ്ക്കാണ് വീണത്. ഇടത് തോളെല്ലിന് ഗുരുതരമായി പരിക്കേറ്റു.
