ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ സാധിക്കാത്ത സാഹചര്യത്തില്‍ ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ ബെംഗളൂരുവിലെ തന്റെ രണ്ട് വീടുകള്‍ പണയം വെച്ചു.

 

ന്യൂഡൽഹി : ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ പോലും പണമില്ല. ബെംഗളൂരുവിലെ വീടുകള്‍ പണയപ്പെടുത്തി ബൈജൂസ്‌ ഉടമ. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിര്‍മാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച്‌ 1.2 കോടി ഡോളര്‍ വായ്പയെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ബൈജൂസ്, തിങ്ക് ആൻഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാര്‍ക്കാണ് ശമ്ബളം നല്‍കാനുള്ളത്. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പേരില്‍ നടപടികളും നേരിടുന്നുണ്ട്.

കമ്പനിയുടെ  യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന് വില്‍ക്കാനുള്ള നടപടികളിലാണ്. 1.2 ബില്യണ്‍ ഡോളര്‍ വായ്പയുടെ പലിശ മുടങ്ങിയതുമായി ബന്ധപ്പെട്ട് കമ്പനി ഇപ്പോള്‍ നിയമപോരാട്ടം നടത്തുകയാണ്.

ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ സമര്‍പ്പിച്ച പരാതിയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻസിഎല്‍ടി) ബൈജൂസിന് നോട്ടിസയച്ചു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച്‌ നവംബര്‍ 28നാണ് ബൈജൂസിന് നോട്ടിസ് നല്‍കിയത്.