കോട്ടയം: ദിവസത്തില്‍ രണ്ടുതവണ പല്ല് തേയ്ക്കുന്നതും മികച്ച ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും വായുടെ ശുചിത്വം നിലനിർത്താൻ ഗുണം ചെയ്യും.
ദിവസത്തില്‍ എപ്പോള്‍ അല്ലെങ്കില്‍ എത്ര തവണ ബ്രഷ് ചെയ്യുന്നുവെന്നതിനു പുറമേ മറ്റു ചില ഘടകങ്ങളും വായുടെ ശുചിത്വത്തെ ബാധിക്കുന്നുണ്ട്. പല്ല് തേയ്ക്കുമ്പോള്‍ വരുത്തുന്ന ചില തെറ്റുകളെക്കുറിച്ച് ദന്തഡോക്ടർ മാദ്രി ഷാ അടുത്തിടെ വിശദീകരിച്ചിരുന്നു.
പലരും ദിവസത്തില്‍ രണ്ടുതവണ, രാവിലെയും രാത്രിയും പല്ല് തേയ്ക്കാറുണ്ട്. പക്ഷേ, പലരും രാത്രി 9 അല്ലെങ്കില്‍ 9.30 ഓടെയാണ് അത്താഴം കഴിക്കുന്നത്. അതുകഴിഞ്ഞ് രാത്രി 10 മണിക്ക് പല്ല് തേച്ചശേഷം ഉറങ്ങാൻ പോകുന്നു. ഈ ശീലത്തെക്കാള്‍ നല്ലത് രാത്രിയില്‍ പല്ല് തേയ്ക്കാതിരിക്കുന്നതാണെന്ന് അവർ പറഞ്ഞു.
കാരണം ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭക്ഷണം കഴിച്ച് അര മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് പല്ല് തേച്ചാല്‍ പോലും വായില്‍ അസിഡിറ്റിയും ബാക്ടീരിയയും നിറഞ്ഞിരിക്കും. അതിനാല്‍തന്നെ, പല്ല് തേയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
അതുപോലെ, പല്ല് തേയ്ക്കാൻ എപ്പോഴും സോഫ്റ്റായ ബ്രഷ് തിരഞ്ഞെടുക്കുക. പല്ല് തേയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് ടൂത്ത് ബ്രഷ് അല്‍പം നനയ്ക്കുക. ഉണങ്ങിയ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് പല്ലുകള്‍ക്ക് ദോഷം വരുത്തുമെന്ന് അവർ വ്യക്തമാക്കി.
