ബ്രഹ്‌മോസ് മിസൈലുകള്‍ ഇനി തിരുവനന്തപുരത്തുനിന്ന്; മിസൈല്‍ നിര്‍മാണ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി ലഭിച്ചു

തിരുവനന്തപുരം: ബ്രഹ്‌മോസിന്റെ അത്യാധുനിക മിസൈല്‍ നിർമാണ കേന്ദ്രം കേരളത്തില്‍ നിർമ്മിക്കാൻ അനുമതി നല്‍കി സുപ്രീംകോടതി.

ജസ്റ്റിസ് വിക്രം നാഥിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കാട്ടാക്കട നെട്ടുകാല്‍തേരി തുറന്ന ജയിലില്‍ ബ്രഹ്‌മോസിന്റെ അത്യാധുനിക മിസൈല്‍ നിർമാണ കേന്ദ്രത്തിന് അനുമതി നല്‍കിയത്.

ജയിലുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കൈമാറുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാല്‍ സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.

നെട്ടുകാല്‍തേരിയിലെ 180 ഏക്കർ സ്ഥലമാണ് ഇതിനായി‌ കൈമാറുക.
ബ്രഹ്‌മോസിന് മിസൈല്‍ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനൊപ്പം ഇവിടെ നാഷണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിക്കാൻ 32 ഏക്കർ സ്ഥലം നല്‍കുന്നതിനും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം സശസ്‌ത്ര് സീമാ ബല്ലിന് ബറ്റാലിയൻ (എസ്‌എസ്‌ബി) ഹെഡ്ക്വാർട്ടേഴ്‌സ് നിർമിക്കാനും കാട്ടാക്കടയില്‍ 45 ഏക്കർ സ്ഥലം അനുവദിക്കാനും സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുകയാണ്. തുറന്ന ജയിലിലെ 457 ഏക്കർ ഭൂമിയില്‍ 257 ഏക്കറാണ് മൂന്ന് വികസന പദ്ധതിക്കായി നല്‍കുന്നത്.

ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യക്ക് ഏറെ സഹായം ചെയ്‌ത ആയുധമാണ് ബ്രഹ്‌മോസ്. ഈ മിസൈലിനായി ലോകരാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യം ഉന്നയിച്ച സമയത്താണ് നിർമ്മാണം ഇവിടെയെത്തുന്നത്.