ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്തുകൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റി. യുവാവ് മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്.

ബസന്ത് നഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറിയിറങ്ങുകയയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുകള്‍ തടിച്ചുകൂടിയതോടെ മാധുരി ഓടിരക്ഷപ്പെട്ടു. പിന്നാലെ, മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

എന്നാല്‍ ഈ യുവതിയും പിന്നീട് അവിടെ നിന്നും പോയി. ഓടിക്കൂടിയ ആളുകളാണ് സൂര്യയെ ആശുപത്രിയിലെത്തിച്ചത്. 24 കാരനായ സൂര്യ പെയിന്റിംഗ് തൊഴിലാളിയാണ്. എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് സൂര്യയുടെ വിവാഹം കഴിഞ്ഞത്.

സൂര്യയുടെ മരണത്തെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ശാസ്ത്രി നഗര്‍ പൊലിസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ ബി.എം.ആര്‍ ഗ്രൂപ്പിന്റെതാണെന്നും വാഹനമോടിച്ചിരുന്നത് ബീഡ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിയാണെന്നും തിരിച്ചറിയുന്നത്. പിന്നാലെ പൊലിസ് മാധുരിയെ അറസ്റ്റുചെയ്‌തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.