പാലക്കാട് ബൈക്ക് യാത്രികനെ ടാങ്കര്‍ ലോറി ഇടിച്ച്‌ തെറിപ്പിച്ചു; ഗുരുതര പരിക്ക്; റോഡിലേക്ക് വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബൈക്ക് യാത്രികനെ ടാങ്കര്‍ ലോറി ഇടിച്ച്‌ തെറിപ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുപാത പാലത്തിന് മുകളിലായിരുന്നു സംഭവമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.

അകത്തേത്തറ സ്വദേശി ജയസൂര്യ (20) യുവാവിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിച്ച ടാങ്കർ ലോറി നിർത്താതെ പോയതായി ദൃക്ഷസാക്ഷികള്‍ പറഞ്ഞു. യുവാവിന്‍റെ കൈയ്ക്കും കാലിനും മുഖത്തും ഉള്‍പ്പെടെ പരിക്കേറ്റു. ലോറിയിടിച്ചശേഷം റോഡിലേക്ക് വീണ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.