കുറവിലങ്ങാട്: ഉദ്ഘാടന ദിവസം ബാറില്‍ മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനെയും സുഹൃത്തിനെയും കൗണ്ടറിലിരുന്ന കുപ്പിഗ്ളാസുകള്‍ക്ക് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ജീവനക്കാരൻ അറസ്റ്റില്‍.
കുമരകം ചേലക്കാപ്പള്ളില്‍ ബിജു സി.രാജു (42) ആണ് അറസ്റ്റിലായത്. എം.സി. റോഡില്‍ വെമ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ച ബാറില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം.
സുഹൃത്തുമായി മദ്യപിക്കാനെത്തിയ മദ്ധ്യവയസ്കൻ തനിക്ക് ബിജു ഒഴിച്ച മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്‌തു. പെട്ടെന്ന് പ്രകോപിതനായ ബിജു അസഭ്യം പറഞ്ഞുകൊണ്ട് ഗ്ളാസുകള്‍ തുരുതുരാ എറിഞ്ഞു.
മദ്ധ്യവയസ്കന്റെ മുഖത്ത് പരിക്കേറ്റു. ഇത് ചോദ്യം ചെയ്ത സുഹൃത്തിന് നേരെയും ഗ്ളാസുകള്‍ എറിഞ്ഞു. ഈ സമയം മദ്യപിച്ചുകൊണ്ടിരുന്ന മറ്റുള്ളവർ ഏറ് കൊള്ളാതെ ഒഴിഞ്ഞു മാറി.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് എസ്.എച്ച്.ഒ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്തു.
