സ്വന്തം ലേഖകൻ
ബംഗളൂരു: ബംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കട്ടിലിനടിയില്‍ 22 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 42 കോടി രൂപ പിടിച്ചെടുത്തു.
മുന്‍ വനിതാ കോര്പറേറ്റുടെയും ഭര്‍ത്താവിന്റെയും വസതിയിലാണു റെയ്ഡ് നടന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായി തെലങ്കാനയിലേക്കു കടത്താനുദ്ദേശിച്ച പണമാണിതെന്ന് തെലങ്കാന ധനമന്ത്രിയും ബി.ആര്.എസ്. നേതാവുമായ ഹരീഷ് റാവു ആരോപിച്ചു. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രചാരണത്തിനായി കര്‍ണാടകയില്‍ 1,500 കോടി രൂപ പിരിച്ചിട്ടുണ്ട്.
കെട്ടിടനിര്‍മാതാക്കളില്‍നിന്നും സ്വര്‍ണവ്യാപാരികളില്‍നിന്നും കോണ്ട്രാക്ടര്മാരില്നിന്നുമാണ് ഈ തുക പിരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനായി അവര്‍ പണമൊഴുക്കുകയാണ്. ടിക്കറ്റുകള്‍ വില്‍ക്കുകപോലും ചെയ്യുന്നു. എന്നാല്‍ അവര്‍ ഇവിടെ ജയിക്കില്ല.- ഹരീഷ് റാവു പറഞ്ഞു. ബി.ആര്.എസ്. വര്‍ക്കിങ് പ്രസിഡന്റും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമായ കെ.ടി. രാമറാവുവും കോണ്‍ഗ്രസ് പണമൊഴുക്കുകയാണെന്ന് ആരോപിച്ചു.
