ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തിയത് കാല്‍ക്കോടി ഭക്തർ. പതിനൊന്ന് കോടിയിലധികം രൂപ വഴിപാടായി ലഭിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് പതിനൊന്ന് ദിവസമായിട്ടേയുള്ളൂ.
വഴിപാടായി എട്ട് കോടി രൂപയാണ് ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചത്. മൂന്നര കോടിയോളം രൂപ ചെക്കുകളിലൂടെയും ഓണ്‍ലൈൻ പേയ്‌മെന്റുകളിലൂടെയുമാണ് ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത വാർത്താ ഏജൻസിയോട് പറഞ്ഞു.
പുതിയ ബാലക് റാം വിഗ്രഹവും രാം ലല്ല വിഗ്രഹവും പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ഭക്തർക്ക് വഴിപാടുകളർപ്പിക്കാൻ നാല് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഭാവനകള്‍ ഡിജിറ്റലായി നല്‍കാനായി 10 കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്ക് ഇവിടെനിന്ന് ചെക്കുകളിലൂടെയും മറ്റ് ഓണ്‍ലൈൻ പേയ്‌മെന്റ് രീതികളിലൂടെയും വഴിപാടുകള്‍ നടത്താം.
വൈകുന്നേരം കൗണ്ടർ അടച്ചുകഴിഞ്ഞാല്‍ 11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ള പതിനാലംഗ സംഘം സംഭാവനകളെത്രയെന്ന് എണ്ണി തിട്ടപ്പെടുത്തും. യാതൊരുവിധ അഴിമതിയും ഉണ്ടാകാതിരിക്കാനായി ഇവിടെ സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്.
ഉരേന്ത്യയിലെ കൊടും തണുപ്പിന് ശമനമായതോടെ അടുത്ത ആഴ്ചകളില്‍ കൂടുതല്‍ ഭക്തർ രാമക്ഷേത്രത്തിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച സംസ്ഥാനത്തെയും, ജില്ലയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ശ്രീരാമജന്മഭൂമി കോംപ്ലക്സ് കണ്‍ട്രോള്‍ റൂമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
