ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരമൊരുങ്ങി; ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രി വീണാ ജോർജ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഉള്‍പ്പടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് ടീം, ഗൂര്‍ഖ ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കണ്‍ട്രോള്‍ റൂമിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ 12 ആശുപത്രികളില്‍ ചൂട് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ക്രമീകരണവുമൊരുക്കി. സൂര്യാതപം, സൂര്യാഘാതം എന്നിവയുടെ ആഘാതം ലഘൂകരിക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂളര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആറ്റുകാല്‍ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.