രണ്ടാം പ്രതി അനുശാന്തി കൊലയുമായി നേരിട്ട് ബന്ധിക്കുന്ന തെളിവെന്തെന്ന് സുപ്രീംകോടതി; ചോദ്യം അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേ; 10 വർഷം മുമ്പാണ് അനുശാന്തിയുടെ സുഹൃത്ത് യുവതിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയത്

ദില്ലി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി.

അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേയാണ് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.

കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ അനുശാന്തിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യമാണെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. ഈക്കാര്യ പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് മറുപടിക്ക് ഒരാഴ്ച്ച സമയം നൽകിയ കോടതി കേസ് ഈ മാസം പതിനഞ്ചിന് പരിഗണിക്കാൻ മാറ്റി.

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യു അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.  2014 ഏപ്രില്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം.

വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരായി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കാമ പൂര്‍ത്തീകരണത്തിനായാണു പ്രതികള്‍ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു  കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവത്തിനിടെ പരാമര്‍ശിച്ചത്.