റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.

രക്ത സമ്മർദമുള്ള ഐ.പി ബിനുവിന് വൈദ്യ സഹായം വേണമെന്നു പ്രതി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

 

രേവന്ത്,ലെനിൻ രാജ്,നന്ദു. ജി. ആർ,രാഹുല്‍ രാജൻ,ഐ.പി.ബിനു,വൈശാഖ്, രാഹുല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.സി.എം.ആർ.എല്‍.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നല്‍ പരിശോധന നടത്തിയത്. വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.

മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങള്‍ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങള്‍ വളഞ്ഞ സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ കാറുകള്‍ ആക്രമിക്കുകയായിരുന്നു.