എടിഎം ഇടപാട് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ എസ്ബിഐ; ബാധകമാവുക ഈ അക്കൗണ്ട് ഉടമകള്‍ക്ക്

ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ പോക്കറ്റ് അടിച്ചുമാറ്റാന്‍ പുതിയ നീക്കം.

 

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടിന് ഇനി എസ്ബിഐ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.

 

എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവല്‍ മെഷീന്‍ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വര്‍ധന വരുത്തിയത്.

 

സേവിങ്‌സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതുമൂലം ചാര്‍ജുകള്‍ വര്‍ധിക്കും. 2025 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ ഈടാക്കുക. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചത്.

 

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എസ്ബിഐ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്‌ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു.

 

ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്‌മെന്റ്‌സ് പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടിവരിക. മുമ്പ് ഇത് 10 രൂപയും ജിഎസ്ടിയുമായിരുന്നു.

 

എസ്.ബി.ഐ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴി അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. എന്നാല്‍, ഇതിന് ശേഷം മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിച്ചാല്‍ 23 രൂപയും ജി.എസ്.ടിയും നല്‍കേണ്ടി വരും. നേരത്തെ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് എ.ടി.എമ്മുകള്‍ ഉപയോഗിച്ച്‌ നടത്തുന്ന ഇടപാടുകള്‍ക്ക് പരിധിയുണ്ടായിരുന്നില്ല.

 

എന്നാല്‍, ഇനി മുതല്‍ 10 ഇടപാടുകള്‍ മാത്രമേ ഇവര്‍ക്ക് സൗജന്യമായി നടത്താനാവു. പിന്നീട് നടത്തുന്ന ഓരോ ഇടപാടിനും 23 രൂപയും ജി.എസ്.ടിയും നിരക്കായി നല്‍കണം. എന്നാല്‍, എസ്.ബി.ഐ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ഇടപാട് പോലും മറ്റ് എ.ടി.എം ഉപയോഗിച്ച്‌ സൗജന്യമായി നടത്താനാവില്ല.