യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റിങ്; കാറില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാൻ പ്ലാൻ; ഒടുവില്‍ പദ്ധതിയെല്ലാം പൊളിച്ച്‌ പോലീസ്; മതിലകത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണിട്രാപ്പിന്റെ ഭാഗം

തൃശൂർ: യുവതിയുടെ വ്യാജ ഐഡി ഉണ്ടാക്കി യുവാക്കളെ ഹണിട്രാപ്പില്‍ പെടുത്താൻ ശ്രമം.

മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവമാണ് ഹണിട്രാപ്പ് എന്ന് കണ്ടെത്തി പോലീസ് തകർത്തത്. സംഭവത്തില്‍ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പില്‍ അലി അഷ്‌കർ എന്നിവരെയാണ് പിടികൂടിയത്.

ഓണ്‍ലൈൻ ആപ്പിലൂടെ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടർന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടല്‍ ആയിരുന്നു പ്ലാൻ. എന്നാല്‍ പോലീസിന്‍റെ ഇടപെടല്‍ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു.

ആറംഗ സംഘമാണ് സംഭവത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നും ഇതില്‍ നാല് പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി മതിലകത്തേക്ക് ബൈക്കില്‍ എത്തിയ യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കയ്പമംഗലം ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മതിലകം പോലീസും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളെയും ഇവരെ തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയത്.

യുവാക്കളെ കൊണ്ടുപോയ കാർ രാത്രി തന്നെ കയ്പമംഗലം കൂരിക്കുഴിയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെയും കണ്ടെത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, മതിലകം ഇൻസ്പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി രണ്ട് പ്രതികളെ പിടികൂടിയത്.