കൊച്ചി: പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ സ്വദേശമായ കോട്ടയത്ത്. പ്രശസ്ത ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ മകനാണ്.
എഴുത്തുകാരൻ സോക്രട്ടീസ് വാലത്ത് സഹോദരനാണ്. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകൻ ഡിജിറ്റൽ ചിത്രകാരൻ വാൻഗോവ്. മകൾ ഏയ്ഞ്ചൽ.
നാലു പതിറ്റാണ്ടിനിടെ 5000 ത്തിൽ അധികം ചിത്രങ്ങൾ പൂർത്തിയാക്കിയ മോപ്പസാങ് വാലത്തിലേക്ക് ഒരു നിയോഗം പോലെയാണു ചിത്രരചനാ ദൗത്യം എത്തിയത്. കോളേജ് പഠനകാലത്തു സുഹൃത്തുക്കൾക്കു ഷർട്ടിൽ ഫാബ്രിക് പെയ്ന്റിങ് ചെയ്തുകൊടുത്തായിരുന്നു തുടക്കം.
പിന്നീട് ജലഛായ ചിത്രങ്ങളിലേക്ക് മാറി. 1982ൽ ലളിതകല അക്കാദമിയുടെ പ്രത്യേക ബഹുമതി നേടിയിരുന്നു. 2021ൽ കഥകളി ചിത്രങ്ങൾ വരച്ചുതുടങ്ങി. കഥകളി നേരിൽ കാണാതെയായിരുന്നു ആദ്യകാലത്തു വരച്ച ചിത്രങ്ങൾ ഏറെയും. 2021ൽ സമൂഹമാധ്യമങ്ങൾ വഴി ദിവസവും ലൈവ് ചിത്രരചനയും നടത്തിയിരുന്നു.
നൂറിലധികം ചിത്രങ്ങളാണ് ഇങ്ങനെ പൂർത്തിയാക്കിയത്. തിരുവാതിര, തെയ്യം തുടങ്ങിയ കേരളീയകലകളുടെ ചിത്രരചനാ പരമ്പരയും ചെയ്തിരുന്നു. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പബ്ലിക്കേഷൻ മാനേജരായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു.
