അങ്കമാലി മൂക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

 

കൊച്ചി : മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകവും കൊലപാതകശ്രമവും അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷയില്‍മേലുള്ള വാദം ജനുവരി 29ന് ആരംഭിക്കും.

മൂക്കന്നൂര്‍ എരപ്പ് സെന്‍റ് ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്‍റെ ഭാര്യയുമായ സ്മിത (30) എന്നിവരെ ശിവന്‍റെ അനുജന്‍ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 11 ആയിരുന്നു സംഭവം.

സ്മിതയുടെ മക്കളായ അതുല്‍ (12), ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ(10) എന്നിവരുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വില്‍പ്പത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അങ്കമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.