കണമല എയ്ഞ്ചല്‍വാലിയില്‍ മ്ലാവുകളെ വെടിവച്ചു കൊന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

കണമല: എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പമ്പ എഴുകുമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മുകേഷ് അറിയിച്ചു. എയ്ഞ്ചല്‍വാലി വെച്ചൂപടിഞ്ഞാറേതില്‍ മജോ ആണ് അറസ്റ്റിലായത്.

എയ്ഞ്ചല്‍വാലി പള്ളിപ്പടിക്കു സമീപം റബർത്തോട്ടത്തില്‍ നിന്നും സമീപത്തെ വനത്തില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ട് മ്ലാവുകളുടെ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്‌ടങ്ങളില്‍ നിന്നു വെടിയുണ്ടയുടെ ഭാഗങ്ങള്‍ ലഭിക്കുകയും മ്ലാവുകള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്.

മ്ലാവുകളുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടയുടെ ഭാഗങ്ങള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് നല്‍കിയെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.