വാടക വീട്ടില്‍ ചാരായം വാറ്റ് നടത്തുന്നതായി സംശയം; തുടര്‍ന്ന് എക്സൈസിന്റെ കര്‍ശന നിരീക്ഷണം; 100 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവുമായി ഫ്രീലാൻസ് ഫോട്ടോഗ്രാഫര്‍ പിടിയില്‍

മാന്നാർ: വാടക വീട്ടില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയ ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ എക്സൈസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.

അമ്പലപ്പുഴ വടക്ക് നീർക്കുന്നം കൊച്ചുപുരക്കല്‍ വീട്ടില്‍ ഇർഷാദ് മകൻ അബ്ദുല്‍ മനാഫിനെ (32) യാണ് എക്സൈസ് പിടികൂടിയത്. ഇയാള്‍ മാന്നാർ പഞ്ചായത്ത് ആറാം വാർഡില്‍ കുരട്ടിക്കാട് ഭാഗത്ത് വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

വൻ തോതിലാണ് ഇയാള്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്നത്. വീട്ടില്‍ നിന്നും 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്.

ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ പേരില്‍ വാടക വീട് എടുത്തിരുന്ന മനാഫ് വൻ തോതില്‍ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് എക്സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തിയത്.

പ്രതി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചാരായം വാടിയ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.