കോട്ടയം: അക്ഷയ തൃതീയയ്ക്ക് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സ്വർണവില റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു പവന് 72000 രൂപ പിന്നിട്ടിരിക്കുന്നു.
ഏപ്രില്‍ 30നാണ് ഇത്തവണ അക്ഷയതൃതീയ ആഘോഷിക്കുന്നത്. സ്വർണവിലയില്‍ വൻ രേഖപ്പെടുത്തുന്നത് കൊണ്ട് തന്നെ അക്ഷയ്ക്ക് തൃതിയയ്ക്ക് സ്വർണം വാങ്ങണോ എന്ന സംശയത്തിലാകും എല്ലാവരും. എന്നാല്‍ അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങുന്നത് ഗുണകരമാണെന്നാണ് പൊതുവെ കരുതുന്നത്.
തൃതിയ എന്നതിന് മൂന്നാമത് എന്നാണ് അർത്ഥം. വൈശാഖ മാസത്തിലെ മൂന്നാം നാള്‍, അതാണ് അക്ഷയ തൃതിയ. അക്ഷയ എന്നാല്‍ ഒരിക്കലും നശിക്കാത്തത് എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങിയാല്‍ ഒരിക്കലും നശിക്കില്ല എന്നാണ് വിശ്വാസം.
എന്നാലിത് വെറുമൊരു അന്ധവിശ്വാസമെന്ന് തള്ളാനാവില്ല. പട്ടിണി ഇല്ലാതെ ഓരോ ദിവസവും തള്ളി നീക്കുക എന്നതായിരുന്നു പണ്ട് കാലത്ത്, ദാരിദ്രത്തില്‍ ജീവിച്ചിരുന്നവരുടെ ഏക ആഗ്രഹം. അതിനിടയില്‍ മിച്ചം പിടിക്കാനോ, ഭാവിയിലേക്ക് നിക്ഷേപിക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. കഷ്ടിച്ച് ജീവിച്ച് പോയിരുന്നവരെ നാളേക്കായി അല്‍പം മിച്ചം പിടിക്കാനും സൂക്ഷിക്കാനും പ്രേരിപ്പിക്കുക എന്നതാണ് അക്ഷയ തൃതിയയുടെ ലക്ഷ്യം.
അന്നന്നേക്കുള്ള അന്നത്തിന് കഷ്ടപ്പെടുന്നവർക്ക് മിച്ചം പിടിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല. പക്ഷേ, അക്ഷയ തൃതിയയ്ക്ക് സ്വർണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകും, സ്വർണം ഇരട്ടിക്കും എന്ന ചില വിശ്വാസങ്ങള്‍ കൂടി ആളുകള്‍ക്കിടയില്‍ പകർന്നാല്‍, അവർ എങ്ങനെയും സ്വർണം വാങ്ങിക്കാൻ ശ്രമിക്കും. ഇതു വഴി അവർക്ക് ഭാവി സുരക്ഷിതമാക്കാം.
നിക്ഷേപ പദ്ധതികള്‍ നിരവധി ഉണ്ടെങ്കിലും ഇന്നും സ്വർണത്തിന്റെ പ്രസക്തിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം മുന്നില്‍ തന്നെയാണ്. ദുരന്തകാലത്തെ അതിജീവിക്കാൻ സ്വർണം ഉപകരിക്കും. വിറ്റോ പണയം വച്ചോ ആവശ്യങ്ങള്‍ നിറവേറ്റാം. അതിനാല്‍ അക്ഷയ തൃതിയയ്ക്കോ അല്ലാതെയോ സ്വർണം വാങ്ങുന്നത് നല്ലതാണ്.
