അങ്ങോട്ട് ചെന്ന് ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല, പക്ഷെ പലരും ഇങ്ങോട്ട് വന്നു; ബിജെപിയുടെ ആരോപണത്തിൽ ഐഷ പോറ്റി

പാര്‍ട്ടിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന ബിജെപിയുടെ ആരോപണത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സിപിഐഎം എംഎല്‍എ ഐഷാ പോറ്റി. ബിജെപിയുടെ ഓഫീസില്‍ പോയിട്ടില്ലെന്നും ഷാള്‍ അണിയിച്ചു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണെന്നും ഐഷാ പോറ്റി പറഞ്ഞു. ബന്ധുക്കളുടെ വീട്ടില്‍ വച്ച് പല നേതാക്കളും കണ്ടിട്ടുണ്ടെന്നും ചെറുതും വലുതുമായ പല നേതാക്കളും സംസാരിച്ചിട്ടുണ്ടെന്നും ഐഷാ പോറ്റി പറഞ്ഞു. ബിജെപിയില്‍ നിന്നുള്‍പ്പെടെ ക്ഷണമുണ്ടായിരുന്നു. താന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. പലരും തന്നെ വന്ന് കണ്ടിരുന്നെങ്കിലും അങ്ങോട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ബിജെപി നേതാക്കള്‍ ഇങ്ങോട്ട് വന്ന് കണ്ടിരുന്നു എന്നും ഐഷാ പോറ്റി പറഞ്ഞു.

സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ഐഷാ പോറ്റി തങ്ങളുടെ പാര്‍ട്ടിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയ്ക്കല്‍ സോമന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും വയ്ക്കല്‍ സോമന്‍ ഭീഷണി മുഴക്കിയിരുന്നു. ഈശ്വര വിശ്വാസിയായ ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും സോമന്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഐഷാ പോറ്റി രംഗത്തെത്തിയത്.