തിരുവനന്തപുരം: സ്കൂട്ടറില്‍ നിന്നു വീണ് തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.
പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാഭവനില്‍ ഉദയ്‌യുടെയും നിഷയുടെയും മകള്‍ ഗോപികാ ഉദയ്(20) ആണ് മരിച്ചത്.
നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജിലെ മൂന്നാം വര്‍ഷം അനലിറ്റിക്കല്‍ എക്കണോമിക്സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ബസിന്റെ ടയര്‍ പൊട്ടിയ ശബ്ദം കേട്ട് ഗോപിക ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെ പി.എം.ജി ജങ്ഷനിലായിരുന്നു അപകടം. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. ഗോപികയും സഹോദരി ജ്യോതികയും ജിംനേഷ്യത്തില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു.
സമീപത്തുകൂടി പോയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടി. ശബ്ദം കേട്ട് ഗോപികയ്ക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്കു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അപകടത്തിന്റെ കാരണം കൂടതല്‍ വ്യക്തമാകൂവെന്നും മ്യൂസിയം പോലീസ് ഇൻസ്പെക്ടര്‍ പറഞ്ഞു.
ഗോപികയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സഹോദരിയുടെ പരിക്ക് ഗുരുതരമല്ല. ഗോപികയുടെ അമ്മ നിഷ കിംസ് ആശുപത്രിയിലെ ഗസ്റ്റ് ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസറാണ്.
