9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടം; പ്രതി പിടിയില്‍; അറസ്റ്റിലായത് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന്

കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി പിടിയില്‍.

പുറമേരി സ്വദേശി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാലാണ് ഇയാളെ എയർപോർട്ടില്‍ വെച്ച്‌ തന്നെ പിടികൂടാനായത്.

വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും. ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ അവസ്ഥയില്‍ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന.

ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു.

അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒൻപത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജില്‍ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു.