സര്‍വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് ആവശ്യപ്പെട്ടത് 10,000 രൂപ കൈക്കൂലി; താലൂക്ക് ഓഫീസ് അറ്റന്ററിന് ഏഴ് വര്‍ഷം തടവ്

പത്തനംതിട്ട: 10,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ താലൂക്ക് ഓഫീസ് അറ്റന്ററിന് ശിക്ഷ വിധിച്ച്‌ കോടതി.

പി വി വിൻസിയ്ക്ക് ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ശിക്ഷാവിധി.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച്‌ സർവേ നമ്പർ ക്രമപ്പെടുത്തി നല്‍കുന്നതിന് 2014 നവംബർ 18 ന് 10,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടിയിരുന്നു. ഈ കേസിലാണ് വിൻസി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയത്.

പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന എം.എൻ. രമേശ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായ വിൻസി കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉള്‍പ്പെടെ ആകെ ഏഴ് വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.