അതിഥി തൊഴിലാളികള്‍ക്ക് ഇനി എളുപ്പം മലയാള പഠനം; തലസ്ഥാനത്ത് സാക്ഷരതാ മിഷന്റെ ഹെല്‍പ്പ് ഡെസ്‌ക് സജ്ജം; ‘ചങ്ങാതി’യുടെ ഉദ്ഘാടനം വ്യാഴാഴ്ച

തിരുവനന്തപുരം: കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു.

ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് വ്യാഴാഴ്ച രാവിലെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർക്ക് മലയാള പഠനം. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എജി ഒലീന വിശിഷ്ടാതിഥിയാകും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ല്‍ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്.

ഈ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നടത്തുന്നത്. അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ,സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകള്‍ ക്രമീകരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസിന്റെ ഓഫീസിനോട് ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.