ദുബൈ : ദുബൈ വിമാനത്താവളത്തിന്റെ എക്കാലത്തെയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. COP28 ഇവൻ്റും വർഷാവസാന – പുതുവത്സര ആഘോഷങ്ങളുമാണ് നാലാം പാദത്തില്‍ ട്രാഫിക്കിലെ ഗണ്യമായ ഉയർച്ചയിലേക്ക് നയിച്ചത്. 2022ല്‍ 66 ദശലക്ഷത്തിലധികം യാത്രക്കാരായിരുന്നു വിമാനത്താവളം വഴി യാത്ര ചെയ്തത്. 2023 ലെ ത്രൈമാസ റിപ്പോർട്ടുകള്‍ക്ക് പിന്നാലെ 2023-ലെ ആകെ യാത്രക്കാരുടെ എണ്ണം എന്തായിരിക്കുമെന്ന്
പ്രവചനം നടത്തിയിരുന്നു. നവംബറില്‍ പുറത്തുവിട്ട ദുബൈ എയർപോർട്ട് കണക്ക് പ്രകാരം 2023 ലെ ആകെ എണ്ണം 86.8 ദശലക്ഷമായി കണക്കാക്കപ്പെട്ടിരുന്നു. ഈ പ്രവചനം ശരിയായിരുന്നുവെന്ന് അന്തിമ കണക്കുകള്‍ കാണിക്കുന്നു.
2024-ല്‍ 88.8 ദശലക്ഷം യാതക്കാർ ഉണ്ടാകുമെന്നാണ് ആദ്യ പ്രവചനങ്ങള്‍ കാണിക്കുന്നത്. അതേസമയം, 2018-ല്‍ സ്ഥാപിച്ച എക്കാലത്തെയും ഉയർന്ന റെക്കോർഡ് ഇതുവരെയും മറികടക്കാനായിട്ടില്ല. 2018 ല്‍ 89.1 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്.
അതേസമയം, ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 13 ശതമാനം വർധനയുണ്ടായി. ദുബൈ മെട്രോ, ട്രാം, പബ്ലിക് ബസുകള്‍, മറൈൻ ട്രാൻസ്‌പോർട്ട് (അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്) എന്നീ പൊതുഗതാഗത സംവിധാനങ്ങളാണ് യാത്രക്കാർ ഉപയോഗിച്ചത്. കൂടാതെ, ഇ-ഹെയ്ല്‍, സ്മാർട്ട് കാർ വാടകയ്‌ക്കെടുക്കല്‍, ബസ് ഓണ്‍-ഡിമാൻഡ് എന്നിവയും ഉള്‍പ്പെടുന്നു.
