സർക്കാരിന്റെ യുദ്ധമുറയ്ക്ക് മുന്നില്‍ പതറാതെ മുന്നോട്ടുപോകുമെന്ന് കർഷകർ ; നിലവിലെ സമരം നിർത്തിവെച്ച്‌ ചർച്ചക്ക് അവസരമൊരുക്കണമെന്ന കേന്ദ്രസർക്കാറിന്‍റെ ആവശ്യം കർഷകർ തള്ളി

 

 

ന്യൂഡൽഹി : സമരം മുന്നോട്ടുതന്നെ, സര്‍ക്കാരിന്റെ യുദ്ധമുറയ്ക്ക് മുന്നില്‍ പതറാതെ കര്‍ഷകര്‍. പഞ്ചാബില്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ നാലു മണിക്കൂർ ട്രെയിൻ തടയല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൃഷിമന്ത്രി അർജുൻ മുണ്ടയുമടക്കമുള്ള മന്ത്രിമാർ ബുധനാഴ്ച

യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.അതെസമയം വ്യാഴാഴ്ച വൈകീട്ട് ചണ്ഡിഗഢില്‍ വീണ്ടും കർഷകരുമായി ചർച്ച നടത്താൻ തീരുമാനിച്ചു.ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍നിന്നുള്ള കർഷകർക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാൻ രണ്ടുദിവസമായിട്ടും സാധിച്ചില്ല.

അതിർത്തികളില്‍ ഹരിയാന പൊലീസുമായി സംഘർഷം തുടരുകയാണ്. ഇതുവരെ 60 പേർക്ക് പരിക്കേറ്റതായി കർഷക സംഘടനകള്‍ അറിയിച്ചു. 24 പൊലീസുകാർക്കും പരിക്കേറ്റു.പഞ്ചാബ്-ഹരിയാന അതിർത്തി പ്രദേശമായ ശംഭുവിലാണ് സംഘർഷം രൂക്ഷമായി തുടരുന്നത്.

പൊലീസ് റോഡ് തടസ്സപ്പെടുത്തി നിരത്തിവെച്ച കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ പ്രതിഷേധക്കാർ ട്രാക്ടറുകളുടെ സഹായത്തോടെ കെട്ടിവലിച്ച്‌ നീക്കി.മാത്രമല്ല മൂന്നു പാളികള്‍ തകർത്ത് ഹരിയാനയിലേക്ക് കടക്കാനുള്ള ശ്രമം കർഷകർ തുടരുകയാണ്. പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടക്കാൻ ബുള്‍ഡോസർ ഇറക്കിയാണ് കർഷകരുടെ പുതിയ നീക്കം. കൂടുതല്‍ കർഷകരെത്തിയതോടെ ശംഭു അതിർത്തിയില്‍ കിലോമീറ്ററുകളോളം നീളത്തില്‍ ട്രാക്ടറുകള്‍ നിരന്നു.ഖനൗരിയും സമാനമാണ്. എണ്ണത്തില്‍ കുറവായതോടെ കർഷകർ ആദ്യം പിൻവലിഞ്ഞു.

ഹരിയാനയില്‍നിന്നുള്ള കർഷകരും എത്തിയതോടെ സംഘർഷം വീണ്ടും രൂക്ഷമായി. ഡല്‍ഹി അതിർത്തിയിലെ പൊലീസ് സന്നാഹം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് കൂടുതല്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പുലർച്ചെപോലും സമരക്കാർക്കിടയിലേക്ക് ഹരിയാന പൊലീസ് ഡ്രോണുകള്‍വഴി കണ്ണീർവാതക ഷെല്ലുകള്‍ പ്രയോഗിച്ചതായി കർഷകർ പറഞ്ഞു.പൊലീസ് പ്രയോഗിച്ച പ്ലാസ്റ്റിക്, റബർ ബുള്ളറ്റുകള്‍ കർഷക നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. കണ്ണീർവാതക ഷെല്ലുകള്‍ വർഷിക്കാൻ വരുന്ന ഡ്രോണുകളെ കർഷകർ പട്ടം പറത്തിയാണ് തടയുന്നത്.

അതെസമയം കഴിഞ്ഞദിവസം ഹരിയാന പൊലീസ് അതിർത്തി കടന്ന് ഡ്രോണ്‍ വഴി കണ്ണീർവാതക ഷെല്ലുകള്‍ വർഷിക്കുന്നത് ചോദ്യം ചെയ്ത് പഞ്ചാബ് സർക്കാർ രംഗത്തുവന്നു. ഹരിയാന സർക്കാറിന് പഞ്ചാബ് നോട്ടീസ് അയച്ചിട്ടുണ്ട്. പരിക്കേറ്റ കർഷകരുടെ ചികിത്സ ചെലവ് വഹിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.ചികിത്സയില്‍ കഴിയുന്ന കർഷകരെ പഞ്ചാബ് ആരോഗ്യ മന്ത്രി ബുധനാഴ്ച സന്ദർശിച്ചു. പരിക്കേറ്റവരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു.