കണ്ണൂരില്‍ മയക്കുവെടിവച്ച്‌ പിടികൂടിയ കടുവ ചത്ത സംഭവം; മരണകാരണം അണുബാധ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂർ: കൊട്ടിയൂരില്‍ ചത്ത കടുവയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

മരണകാരണം അണുബാധയാണെന്നാണ് റിപ്പോർട്ട്. വയനാട് പൂക്കാേട് വെറ്ററിനറി ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയത്.

ശ്വാസകോശത്തിലും വൃക്കയിലും കടുവയ്ക്ക് അണുബാധ ഉണ്ടായിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയതോടെ കടുവ കൂടുതല്‍ അവശനിലയിലായിരുന്നു.

റിസർവ് വനമേഖലയ്ക്ക് സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിലാണ് കടുവയെ പിടികൂടിയത്. തൃശൂരിലെ മൃഗശാലയിലേയ്ക്ക് കൊണ്ടുപോകുംവഴി അർദ്ധരാത്രിയോടെ കോഴിക്കോടുവച്ചാണ് കടുവ ചത്തതെന്നാണ് വിവരം. ഇന്നുരാവിലെ ആറ് മണിക്കും ഏഴിനും ഇടയില്‍ കടുവ തൃശൂരിലെ മൃഗശാലയില്‍ എത്തിക്കുമെന്നായിരുന്നു അധികൃതരെ അറിയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂർ മൃഗശാല സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കടുവയ്ക്ക് ചികിത്സയ്ക്കും മറ്റുമായുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇതിനിടെയാണ് കടുവ ചത്തതായുള്ള വിവരം പുറത്തുവരുന്നത്.