രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്‍ ; വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

കൊച്ചി : കൊച്ചിൻ ഷിപ്പിയാര്‍ഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതല്‍ രാജേന്ദ്ര മൈതാനി മുതല്‍ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റോഡ് ഷോ നടത്തുന്ന പ്രദേശങ്ങളില്‍ എസ്പിജിയുടെ സുരക്ഷാ സംഘം പരിശോധനകള്‍ നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. കൊച്ചിയില്‍ നിന്ന് ഗുരുവായൂര്‍ സന്ദര്‍ശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

വലിയ വികസന പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കൊച്ചിൻ ഷിപ്പിയാര്‍ഡുമായി ബന്ധപ്പെട്ടും പുതുവയ്പിലെ വാതക പദ്ധതിയുമായി ബന്ധപ്പെട്ടും ചില പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടണ്‍ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മറൈൻ ഡ്രൈവില്‍ നടക്കുന്ന പാര്‍ട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.