വി എ ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മോഹന്‍ലാല്‍.

കഴി‍ഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രങ്ങളിലൊന്ന് മോഹന്‍ലാല്‍ നായകനായ ഒടിയന്‍ ആവും.ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2018 ല്‍ ആയിരുന്നു. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ചിത്രത്തിന് അത്രത്തോളം പ്രേക്ഷകപ്രീതി നേടാനായില്ല.

അതേസമയം വമ്ബന്‍ ഓപണിംഗും നേടിയിരുന്നു ഒടിയന്‍. ഒടിയന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്‍റെ ചലച്ചിത്രരൂപമായിരുന്നു. എംടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വി എ ശ്രീകുമാര്‍ പ്രോജക്റ്റില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍.

എന്‍റെ അടുത്ത സിനിമ പ്രിയപ്പെട്ട ലാലേട്ടനൊപ്പം എന്ന കുറിപ്പോടെ ചിത്രീകരണ സ്ഥലത്തുനിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വി എ ശ്രീകുമാര്‍ പങ്കുവച്ചത്. ഇത് സിനിമാപ്രേമികളുടെ ശ്രദ്ധ പെട്ടെന്നുതന്നെ നേടി. റിയാക്ഷനുകളും കമന്‍റുകളുമൊക്കെ പ്രവഹിച്ചു. അതേസമയം ഫിലിം എന്ന് വി എ ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് സിനിമ തന്നെയാണോ അതോ പരസ്യചിത്രമാണോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനാവുന്ന ഒരു പരസ്യചിത്രത്തിന്‍റെ കാര്യം ശ്രീകുമാര്‍ തന്നെ ഇക്കഴിഞ്ഞ നവംബറില്‍ പറയുകയും ചെയ്തിരുന്നു.