ചെന്നൈ : രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്‌എല്‍വി- സി 58 കുതിച്ചുയര്‍ന്നത്.
ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പിഎസ്‌എല്‍വിസി 58 എത്തിച്ചത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗര്‍ത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്‌ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്.
അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവധി. ഈ കാലയളവില്‍ ബഹിരാകാശത്തെ നാല്‍പതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം എക്സ്പോസാറ്റ് കൈമാറും. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്പോസാറ്റ്.
