ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘത്തിലെ കട്ടു പൂച്ചനും സന്തോഷ് ശെല്‍വവും പ്രതികളായ ആലപ്പുഴയിലെ ആദ്യ കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. മണ്ണഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ രണ്ടാം പ്രതി കട്ടുപൂച്ചനെ കോടതി വെറുതെവിട്ടു. കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
2024 ലായിരുന്നു ആലപ്പുഴയെ ഭീതിയിലാഴ്ത്തി കുറുവാ സംഘത്തിന്റെ മോഷണ പരമ്പര നടന്നത്. പ്രതികളെ ഏറെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു കുറുവ സംഘം ആലപ്പുഴയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയത്. മുഖംമൂടി ധരിച്ച് എത്തുന്ന അര്‍ധ നഗ്ന സംഘം വീടിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്നു കവര്‍ച്ച നടത്തുന്നതായിരുന്നു രീതി.
ചേര്‍ത്തല, മണ്ണഞ്ചേരി, കോമളപുരം, പുന്നപ്ര എന്നിവിടങ്ങളിയിരുന്നു മോഷണം. സംഘത്തിലെ പ്രധാനി സന്തോഷ് ശെല്‍വനെ നവംബര്‍ പകുതിയോടെ എറണാകുളം കുണ്ടന്നൂര്‍ പാലത്തിനടിയില്‍ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. സംഘത്തലവനായ കട്ടുപൂച്ചനായി പ്രത്യേക സംഘം അന്വേഷണം തുടര്‍ന്നു. ഒടുവില്‍ മാര്‍ച്ചില്‍ തമിഴ്നാട് മധുരയില്‍ നിന്നു ഇയാളെ പിടികൂടി.
