കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ റിബേഷ് രാമകൃഷ്ണനെ പ്രതി ചേര്‍ക്കും; ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം മൂന്നാകും

കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രമകൃഷ്ണനെ പ്രതി ചേര്‍ക്കും. റിബേഷ് രാമകൃഷ്ണനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കുക. റിബേഷ് രാമകൃഷ്ണനെ കേസില്‍ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

റിബേഷിനെ കൂടി കേസിൽ പ്രതി ചേർക്കുന്നതോടെ പ്രതികളുടെ എണ്ണം മൂന്നാകും. ഡിവൈഎഫ്‌ഐ നേതാക്കളായ ജിതിന്‍ ഭാസ്‌കര്‍, അമല്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണനെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം പ്രതിചേര്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് റിബേഷ് ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ഭാസ്‌കര്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം അയച്ചത് റിബേഷിനാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിന്നാലെ റിബേഷ് ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.